എഴുപത്താറു വയസ്സുള്ള ആര്‍. ബാലകൃഷ്ണ പിള്ളക്ക് ഒരു വര്‍ഷത്തെ ജയില്‍ വാസം വിധിച്ചതിന്റെ അത്യാഹ്ലാദത്തിലാണ് അച്യുതാനന്ദനും അനുബന്ധ ഉത്സാഹകമ്മിറ്റിക്കാരും. ഇടമലയാര്‍ കേസിലെ സുപ്രീംകോടതി വിധി വന്ന 2011 ഫെബ്രുവരി 10ന് ബാലകൃഷ്ണപിള്ള എന്ന കേരള രാഷ്ട്രീയത്തിലെ തന്റേടി, മനസ്സു തകര്‍ന്നു പറഞ്ഞു: ""എന്റെ അന്ത്യം ചിലപ്പോള്‍ ജയിലില്‍ കിടന്നായിരിക്കും. ഞാന്‍ നിരപരാധിയാണ്. തെറ്റു ചെയ്തിട്ടില്ലെന്ന് പൂര്‍ണ ബോധ്യമുണ്ട്. നാടിന്റെ നന്മക്കു വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. നാടിനു വേണ്ടിയാണ് ജയിലില്‍ പോകുന്നതും''.
അതാ പോകുന്നു കള്ളന്‍ എന്ന് ഒരാള്‍ വിളിച്ചുപറഞ്ഞ് ഓടിയാല്‍ ഇടംവലം നോക്കാതെ അവനൊപ്പം പാഞ്ഞ് മറ്റേ സാധുവിനെ പിടിച്ചു തല്ലിച്ചതക്കുന്നതാണ് നാട്ടുനടപ്പ്. ഈ ഓട്ടത്തിന്, വിളിച്ചു കൂവുന്നവന്റെ കയ്യിലിരിപ്പിനെ കുറിച്ചോ, ആരോപണത്തിന്റെ നിജസ്ഥിതിയെപ്പറ്റിയോ ഒരു പുനരാലോചനയുടെ ആവശ്യം പോലുമില്ല. ആര്‍ക്കു മുന്നിലും തോറ്റു കൊടുക്കാത്ത ചങ്കൂറ്റവും ചട്ടമ്പിത്തരവും കൊണ്ട് വിറപ്പിക്കാനാവാത്ത വ്യക്തിത്വവുമാകുമ്പോള്‍ "പ്രതി'പ്പട്ടം ചാര്‍ത്തുന്നതില്‍ അസഹിഷ്ണുക്കള്‍ക്ക് ഉത്സാഹവും കൂടും.
രാഷ്ട്രീയ ഉമ്മാക്കി കാട്ടുന്നവര്‍ക്കു മുന്നില്‍ നട്ടെല്ലു വളയാതെ നില്‍ക്കുന്നവരെ ഒന്നൊതുക്കാന്‍ പറ്റിയമാര്‍ഗ്ഗം കേസ് കെട്ടാണ്. അത്തരമൊരു ദുഷ്ട ചിന്തയുടെ ഇരയാണ് ആര്‍. ബാലകൃഷ്ണപിള്ളയും എന്ന് കരുതാന്‍ ന്യായം ഏറെയുണ്ട്.
തിരുവിതാംകൂറിലെ ആഢ്യപ്രതാപിയായിരുന്ന ജന്മി കീഴൂട്ട് രാമന്‍ പിള്ളയുടെ മകന്‍ ബാലകൃഷ്ണപിള്ള പൊതുപ്രവര്‍ത്തനത്തിനായി സ്വത്ത് വിറ്റു തുലച്ചവനാണെന്ന് ആ ജീവചരിത്രം തൊടുന്നവരെല്ലാം പറയാറുണ്ട്. മകന്‍ ഗണേശ്കുമാര്‍ സിനിമയിലഭിനയിച്ച് കാശുണ്ടാക്കിയില്ലെങ്കിലും തലമുറകള്‍ക്കു കഴിയാനുള്ള സമ്പാദ്യം ബാലകൃഷ്ണ പിള്ളയുടെ പെട്ടിയില്‍ തറവാട്ടു സ്വത്തായി കിടപ്പുണ്ടെന്നു സാരം. അഴിമതി വകയില്‍ കിട്ടിയിട്ട് വേണ്ട കീഴൂട്ട് പിള്ളക്ക് അരി വാങ്ങാനെന്ന്. പന്ത്രണ്ടാം വയസില്‍ തയ്യല്‍ ജോലി ഉപേക്ഷിച്ച് എണ്‍പത്തെട്ടിലെത്തിയ മുഖ്യമന്ത്രി അച്യുതാനന്ദനോട്, ഉപജീവന മാര്‍ഗം എന്താണെന്ന് ചോദിച്ചാല്‍ "രാഷ്ട്രീയം' എന്നല്ലാതെ സ്വന്തമായി മറ്റൊരു വരുമാനം പറയാന്‍ പറ്റാത്തപ്പോഴും പിള്ളക്കു പറയാം കാരണവന്‍മാര്‍ സമ്പാദിച്ചതുണ്ടെന്ന്. ആ പിള്ളക്കെതിരെ അച്യുതാനന്ദന്റെ ആവനാഴിയില്‍ നിന്നുടലെടുത്തതാണ് ഇടമലയാര്‍ കേസ്. സുപ്രീംകോടതി വിധി വന്നപ്പോള്‍, പ്രതികരിക്കാന്‍ പോലും കഴിയാതെ ഓര്‍മകള്‍ നഷ്ടപ്പെട്ട് മരണതുല്യം കിടക്കുന്ന മറ്റൊരാളുണ്ട്. വൈദ്യുതി ബോര്‍ഡ് മുന്‍ചെയര്‍മാന്‍ എണ്‍പത്തിരണ്ടു വയസ്സുള്ള എസ്. രാമഭദ്രന്‍ നായര്‍. മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള കേസ്സിന്റെ ദൈര്‍ഘ്യത്തില്‍ മാറ്റിവരക്കപ്പെട്ട കാലത്തിന്റെ ദീനചിത്രമാണത്.
അച്യുതാനന്ദന്‍ എന്ന "അതിപ്രതാപ ഗുണവാന്' ആ വക ദീനദയാലുത്വമൊന്നും ബാധകമല്ലല്ലോ? അതു കൊണ്ട് വിധി വന്നയുടന്‍ അദ്ദേഹം വെളിച്ചപ്പെട്ടു: ""പൊതുമുതല്‍ കട്ടു തിന്നുന്നവര്‍ക്കും അധികാര ദുര്‍വിനിയോഗം നടത്തുന്നവര്‍ക്കുമുള്ള മുന്നറിയിപ്പാണ് ഇടമലയാര്‍ വിധി''.
അച്യുതാനന്ദന്റെ "കള്ളന്‍വിളി'ക്കു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന യഥാര്‍ത്ഥ കള്ളനെ കാണണമെങ്കില്‍ ബാലകൃഷ്ണ പിള്ളയുടെ മനംനൊന്ത പ്രതികരണത്തിലൂടെ ഒരല്‍പം മുന്നോട്ട് പോയാല്‍ മതി. ""25 വര്‍ഷമായി വി.എസ്. അച്യുതാനന്ദന്‍ എന്നെ വേട്ടയാടുകയാണ്. അധികാരത്തില്‍ നിന്നിറങ്ങുന്നതിനു മുമ്പ് എല്ലാവരെയും കൂട്ടില്‍ കയറ്റുകയാണദ്ദേഹം''. എല്ലാവരെയും എന്ന് പിള്ള പറഞ്ഞത് അച്യുതാനന്ദന്റെ തേര്‍വാഴ്ചക്ക് തടസ്സം നില്‍ക്കുന്ന ആരെയും എന്നു തന്നെ. പക്ഷേ, അച്യുതാനന്ദനും ഒരുങ്ങുന്നുണ്ട് ഒരു കൂട്.
വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന മാന്യശ്രീ വിശ്വാമിത്രന്‍, കള്ളന്‍ എന്നോ തോന്ന്യാസിയെന്നോ വിളിക്കാത്ത എത്രപേര്‍ കഴിഞ്ഞ നാലു പതിറ്റാണ്ടിനുള്ളില്‍ കേരളത്തിന്റെ സാമൂഹിക മണ്ഡലത്തില്‍ കടന്നു പോയിട്ടുണ്ട് എന്നു കൂടി പരിശോധിക്കണം. രാഷ്ട്രീയ വൈരം മാത്രമല്ല രാഷ്ട്രീയ മനോരോഗം കൂടിയാണ് അച്യുതാനന്ദന്റെതെന്ന് ആര്‍ക്കും ബോധ്യമാവും. ആ പകയുടെ വിഷ ധൂളികളേറ്റ് അപമാനിതമാകുന്നത് മാന്യമായ പൊതുജീവിതം നയിക്കുന്ന ഏത് ജനപ്രിയ രാഷ്ട്രീയ നേതാവുമാകാം. സാമ്പത്തികമോ പ്രതിഭയോ കൊണ്ട് പ്രശസ്തിയാര്‍ജ്ജിച്ചവരാകാം. വിദ്യാഭ്യാസ, സാമൂഹിക രംഗത്ത് സ്വയം പര്യാപ്തത നേടിയ പ്രസ്ഥാനങ്ങളോ സ്ഥാപനങ്ങളോ സമുദായങ്ങള്‍ തന്നെയോ ആകാം. സ്വന്തം പാര്‍ട്ടിക്കായി കഠിനാധ്വാനം ചെയ്ത് അനുയായികളുടെ ആവേശമായിത്തീര്‍ന്ന സാക്ഷാല്‍ സി.പി.എം നേതാക്കള്‍ തന്നെയുമാകാം. ഇ.എം.എസ്സും നായനാരും അഴീക്കോടന്‍ രാഘവനും ചടയന്‍ ഗോവിന്ദനുമടക്കം അനുഭവിച്ചറിഞ്ഞിട്ടുണ്ട് ആ പകയുടെ താണ്ഡവം. മുഖ്യമന്ത്രി കസേരക്കു അവകാശവാദമുന്നയിക്കാന്‍പോന്ന ഒരു സിംഹംമതി തെക്കന്‍ കേരളത്തിലെ സി.പി.എമ്മിലെന്ന് സ്വയം തീരുമാനിച്ചുറച്ചതിന്റെ അനന്തര ഫലമാണ് മറ്റൊരു അച്യുതാനന്ദന്‍ അവിടെ ഉദിച്ചുവരാത്തത്. മറ്റൊരാള്‍ പാടില്ല എന്ന രാജനീതി.
ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായും സി.പി.എമ്മിന്റെ ആഗോളഗ്രാമമായ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ സെക്രട്ടറിയായി ഒരു മാസം മുമ്പു വരെയും പ്രവര്‍ത്തിച്ച സംസ്ഥാന കമ്മിറ്റി അംഗം പി. ശശി രണ്ടും കല്‍പിച്ച് മാധ്യമങ്ങള്‍ക്കു നല്‍കിയ കത്തില്‍ വെളിപ്പെടുത്തുന്നതും ബാലകൃഷ്ണ പിള്ള പറഞ്ഞതു തന്നെ. "കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അച്യുതാനന്ദന്‍ കുടിപ്പക തീര്‍ക്കുകയാണ്. പാര്‍ട്ടി സഖാക്കളെ കുത്തി മലര്‍ത്താന്‍ ഏത് ഹീനമാര്‍ഗവും സ്വീകരിക്കുന്ന നേതാവാണദ്ദേഹം. എന്റെ രക്തത്തിനു ദാഹിച്ച് ഏറെ കാലമായി കഷ്ടപ്പെടുകയാണ്. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ തെറ്റു കാണിച്ചതിനെ വിമര്‍ശിച്ചതിനുള്ള വിരോധം തീര്‍ക്കുന്നതിന് കെട്ടിച്ചമച്ച തെറ്റായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച് എന്നെ തേജോവധം ചെയ്യുകയാണ്. എനിക്കെതിരെ കടുത്ത അപമാനമുണ്ടാക്കുന്നതിനു വ്യക്തമായ ഗൂഢാലോചന തന്നെ അദ്ദേഹം നടത്തിയിട്ടുണ്ട്'. 2011 ഫെബ്രു. 5ന് പി. ശശി, മാവിലായി എന്ന് സ്ഥലവും തീയതിയും വെച്ച് പരസ്യപ്പെടുത്തിയ കത്തിലാണ് സമുന്നത സി.പി.എം നേതാവ് ഈ സങ്കടം വെളിപ്പെടുത്തുന്നത്. മറ്റു പലരും വെളിപ്പെടുത്താന്‍ മടിച്ചു നില്‍ക്കുന്ന, മനുഷ്യാകാരംപൂണ്ട രാഷ്ട്രീയപ്പകയുടെ ക്രൂരകൃത്യങ്ങള്‍.
അച്യുതാനന്ദന്റെ അധികാര ലബ്ധിക്കും ആവശ്യങ്ങള്‍ക്കും തടസ്സമാരായാലും ഏത് നെറികെട്ടമാര്‍ഗം പ്രയോഗിച്ചും നശിപ്പിച്ചു കളയും എന്നു തന്നെ. അതു പാര്‍ട്ടിക്കുള്ളിലെ പ്രതിയോഗിയോ എതിര്‍ മുന്നണിക്ക് കരുത്തു പകരുന്ന നേതാവോ പ്രസ്ഥാനങ്ങളോ ആകാം. എതിരാളികള്‍ക്ക് സംഭാവന കൊടുക്കുന്ന ഏതെങ്കിലും ഉദാരമതിയുമാകാം.
അങ്ങനെ വരുമ്പോള്‍ ബാലകൃഷ്ണപിള്ള പറഞ്ഞതില്‍ ഒരു മുന്നറിയിപ്പുണ്ട്. മലയാളി സമൂഹം ഭയപ്പെടേണ്ടത്.
""തകര്‍ന്നു കിടന്ന ഇടമലയാര്‍ പദ്ധതി ഇന്ദിരാഗാന്ധിയുടെ നിര്‍ദ്ദേശം സ്വീകരിച്ച് പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചതാണ് കുറ്റം. നാടു നന്നാക്കാന്‍ പോയാല്‍ ഇതാണനുഭവം. ഈ അനുഭവം ഒരു രാഷ്ട്രീയ പ്രവര്‍ത്തകനും ഇനിയുണ്ടാകരുത്. കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല, നിരപരാധിയായാണ് ജയിലില്‍ പോകുന്നത്''.
മുപ്പതു വയസ്സിനുമുമ്പെ നിയമസഭ കണ്ടതാണ് ബാലകൃഷ്ണപിള്ള. 1965ല്‍ കൊട്ടാരക്കരയില്‍ നിന്നു ജയിച്ചതു മുതല്‍ കേരളം ശ്രദ്ധിച്ചു തുടങ്ങിയ പ്രതിഭാധനനായ നേതാവ്. ഉജ്വല വാഗ്മി. മുപ്പത്തൊന്ന് വര്‍ഷം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, പലതവണ എം.എല്‍.എ, മന്ത്രി, ലോക്സഭാംഗം, കേരള വികസനത്തിനു വേണ്ടി പോരാടാനുള്ള ആഹ്വാനം "പഞ്ചാബ് മോഡ'ലായതിന്റെ ശിക്ഷയും ഏറ്റു വാങ്ങിയ മന്ത്രി. അങ്ങനെയൊരു നേതാവ് പറയുന്നത് മലയാളിക്കു മുഖവിലക്കെടുക്കാതിരിക്കാന്‍ പറ്റുമോ? ""മറയൂരിനപ്പുറത്തെ പാമ്പാറിലൂടെ കിഴക്കോട്ടൊഴുകുകയാണ് ഇടമലയാറിലെ വെള്ളം. അത് മുല്ലപ്പെരിയാറിലേതു പോലെ തമിഴ്നാട് കൊണ്ടുപോകുമ്പോള്‍ തടയാന്‍ വേണ്ടി 1982ല്‍ പണിതതാണ് ഇടമലയാര്‍ ഡാം. കേരളത്തിലെ വൈദ്യുതി, കുടിവെള്ളം, ജലസേചനാവശ്യങ്ങള്‍ക്കുള്ള ബൃഹത് പദ്ധതി.
ഉദ്ഘാടനത്തിനു മുമ്പുള്ള ട്രയല്‍ റണ്ണിനിടെ പാറയുടെ ഇടുക്കില്‍ നിന്ന് വെള്ളം ഒലിച്ചിറങ്ങുന്നതായി കണ്ടു. അത് പരിഹരിക്കുന്നതിനുള്ള ജോലിയും ഉടന്‍ ആരംഭിച്ചു. ഓഡിറ്റര്‍ ആന്റ് അക്കൗണ്ട് ജനറലിന്റെ റിപ്പോര്‍ട്ട് ബാലകൃഷ്ണപിള്ളയുടെ ഈ കാലയളവിനെ പ്രകീര്‍ത്തിച്ചു. കേരളത്തിലെ വൈദ്യുതി ബോര്‍ഡ് ചരിത്രത്തിലാദ്യമായി ലാഭത്തിലായെന്ന് 1984, 1985 വര്‍ഷങ്ങളിലെ അക്കൗണ്ട് ജനറല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
കാര്യക്ഷമമെന്ന് രേഖപ്പെടുത്തിയ മറ്റു പല പദ്ധതികളെ സംബന്ധിച്ചും ഇതുപോലുള്ള ആക്ഷേപങ്ങള്‍ വന്നു. പക്ഷേ അതിലൊന്നും അച്യുതാനന്ദനു പ്രശ്നമുണ്ടായില്ല. ബാലകൃഷ്ണ പിള്ളയുടെ കഴുത്തില്‍ കുരുക്കു മുറുക്കാനുള്ള കേസിനിടെ നിരവധി ഉദ്യോഗസ്ഥര്‍ അപമാനം സഹിക്കാനാകാതെ മനോനില തെറ്റി മരിച്ചു. പലരും കേസ് നടത്തി തകര്‍ന്നു.
""ആദ്യ നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരിക്കുമ്പോള്‍ ഒരു ഡിപ്ലോമക്കാരനായ അസി. എക്സി. എഞ്ചിനീയര്‍ക്ക് നിയമവിരുദ്ധമായ പ്രമോഷന്‍ നല്‍കാന്‍ അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഡ്യൂട്ടിക്ക് പോകാതെ മുഴുവന്‍ സമയം എ.കെ.ജി സെന്ററിന്റെ പണി നോക്കി നടത്തുന്ന ഉദ്യോഗസ്ഥന്‍. ഉത്തരവിടുംപോലെ പലവട്ടം അച്യുതാനന്ദന്‍ ഇത് ആവശ്യപ്പെട്ടു കൊണ്ടിരുന്നു. പി.എസ്.സി, കെ.എസ്.ഇ.ബി നിയമങ്ങള്‍ ലംഘിക്കാന്‍ കഴിയില്ലെന്ന ബുദ്ധിമുട്ടുകള്‍ പറയുമ്പോഴും അദ്ദേഹം ചെവിക്കൊള്ളില്ല. ആ നിയമവിരുദ്ധ പ്രമോഷന്‍ അനുവദിക്കാത്തതില്‍ തുടങ്ങിയ പാമ്പിന്‍ പകയാണ് തനിക്കെതിരെ അച്യുതാനന്ദന്റെ ക്രൂരമായ വേട്ടക്കു കാരണം''. ഈ ശത്രു സംഹാര ക്രിയക്ക് അച്യുതാനന്ദന് തുണയായി നിന്നത് കല്ലട സുകുമാരനും. അച്യുതാനന്ദന്‍ കച്ചമുറുക്കുന്ന മറ്റു കേസുകളിലും കാണാം ഈ സുകുമാര കല.
ഇതു തന്നെയല്ലേ പി. ശശി പറയുന്നതും. ""കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ വി.എസിന്റെ താല്‍പര്യങ്ങള്‍ക്കു വഴങ്ങാത്തതിലുള്ള കുടിപ്പകയാണ് തന്നെ വേട്ടയാടുന്നതിനു കാരണം. കേസ് അന്വേഷിച്ച ജസ്റ്റിസ് മോഹന്‍കുമാര്‍ കമ്മീഷനെ സ്വാധീനിക്കാന്‍ വി.എസ്. ശ്രമിച്ചെങ്കിലും കമ്മീഷന്റെ ഉറച്ച നിലപാട് മൂലം വിലപ്പോയില്ല.''
മുപ്പത്തി മൂന്നു പേരുടെ മരണത്തിനിടയാക്കിയ മദ്യദുരന്ത കേസ്സില്‍ മണിച്ചന്‍മാരെ രക്ഷിക്കാന്‍ പാര്‍ട്ടിയുടെ ഈരേഴ് പതിനാലുലകവും വാഴുന്ന അച്യുതാനന്ദന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി കൂട്ടു നില്‍ക്കാത്തതിന്റെ പക. 26 പേര്‍ മരിച്ച മലപ്പുറം മദ്യദുരന്തക്കേസിലേക്കും അട്ടിമറിയുടെ ആയുധവുമായി അച്യുതാനന്ദ കരങ്ങള്‍ നീണ്ടു വരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനെ പൊടുന്നനെ മാറ്റിയതിന്റെ സൂചന.
59 പേര്‍ പിടഞ്ഞു വീണു മരിച്ച മദ്യദുരന്തങ്ങളില്‍ കൊലയാളികളെ രക്ഷിക്കാന്‍ നോക്കുന്ന ഈ ആദര്‍ശ പുംഗവനാണോ കേരളത്തിന്റെ മാതൃക? ജുഡീഷ്യല്‍ കമ്മീഷന്‍ എന്നു പറഞ്ഞാല്‍ കോടതി തന്നെ. 33 പേരെ കൊന്നു തള്ളിയ, അത്രയും പേരെ അന്ധരുമാക്കിയ കാപാലികരെ വെറുതെ വിട്ടയക്കാന്‍ ജുഡീഷ്യറിയെ സ്വാധീനിച്ചു എന്ന്, പാര്‍ട്ടി നേതാവ് തന്നെ വെളിപ്പെടുത്തിയ കത്തിന്റെ പേരില്‍ സ്വയം കേസ്സെടുപ്പിക്കാന്‍ കഴിയുമോ അച്യുതാനന്ദന്‍ എന്ന വീരനായകന്?
ഒരു ക്രിമിനലിന്റെ പത്രസമ്മേളനത്തിന്റെ പേരില്‍ മാന്യന്‍മാരായ പൊതുപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട പൊലീസ് മന്ത്രി, സ്വന്തം പാര്‍ട്ടി സഖാവ് പാര്‍ട്ടി സെക്രട്ടറിക്കയച്ച ആധികാരിക രേഖയെ തൊടാന്‍ മടിക്കുന്നതെന്ത്?
ജുഡീഷ്യല്‍ കമ്മീഷനെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് ചരിത്രത്തിലാദ്യമായാണ് ഒരു മുഖ്യമന്ത്രിക്കെതിരെ പാര്‍ട്ടി നേതാവ് തന്നെ രേഖാമൂലം വെളിപ്പെടുത്തുന്നത്.
ആദര്‍ശത്തിന്റെ കൊടുമുടിയിലാണെന്ന് സ്വയം നടിക്കുന്ന അച്യുതാനന്ദന്‍ കഴുത്തറ്റം ചാണകക്കുഴിലാണ് നില്‍ക്കുന്നതെന്ന് കാണുന്നവര്‍ക്കറിയാം. ഭേദപ്പെട്ട ഒരു കള്ളനും കൈക്കൂലിക്കാരനും താന്‍ ചെയ്യുന്നത് കള്ളത്തരമാണെന്ന് സ്വയം സമ്മതിക്കില്ല. കൂട്ടക്കൊലയിലെ പ്രതികളെ രക്ഷിക്കാന്‍ ജൂഡീഷ്യല്‍ കമ്മീഷനെ സ്വാധീനിക്കുന്നത് ധനമോഹം വെച്ചുള്ള അധികാരദുര്‍വിനിയോഗവും വഴിവിട്ട മാര്‍ഗവും നിയമലംഘനവും രാജ്യദ്രോഹവുമാണെന്ന് അക്ഷരം കൂട്ടിവായിക്കാനറിയുന്ന ഏത് മലയാളിക്കും മനസ്സിലാകും.
നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമെല്ലാമാകാന്‍ സര്‍വഥാ യോഗ്യനെന്ന് സി.പി.എമ്മിനുറപ്പുള്ള സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ കത്ത് വെച്ച്, കേരളത്തിലെ ഏറ്റവും വലിയ നിയമലംഘകനെ, ജൂഡീഷല്‍ അട്ടിമറിവീരനെ കയ്യാമം വെക്കാനുള്ള ചങ്കൂറ്റമാണ് കണ്ണൂരിലെ കമ്യൂണിസ്റ്റാണെങ്കില്‍ കോടിയേരിക്കു വേണ്ടത്.
ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന വക്കീലന്‍മാരെവെച്ച് കേസ് വാദിക്കാന്‍ അരക്കാശിന് ഗതിയില്ലാത്ത അച്യുതാനന്ദന് ആരു കൊടുക്കുന്നു പണം എന്നതും അറിയണമല്ലോ മലയാളിക്ക്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ